ലൈഫില്‍ ഒരു കറിയും വച്ച് ശീലമില്ലാത്തവര്‍ക്ക് പോര്‍ക്കിറച്ചി കറി എങ്ങിനെ എളുപ്പത്തില്‍ വക്കാം എന്നതിനെക്കുറിച്ചാണ് ചുവടെ വിവരിക്കാന്‍ പോകുന്നത്.
പോര്‍ക്കിന്റെ സ്വഭാവവും പോര്‍ക്ക് കഴിക്കുന്ന പോഷകാഹാരങ്ങളുടെ രീതിയും വച്ച്... പോര്‍ക്കിറച്ചി കഴിക്കുന്നതിനെപ്പറ്റി നമ്മള് ആലോചിക്കാനേ പാടില്ല. പക്ഷെ, പോര്‍ക്കിന്റെ നടപ്പു ദോഷത്തിന്റെ തകരാറു കൊണ്ട്, പാവം പോര്ക്കെറച്ചി എന്ത് പെഴച്ചു?
നിങ്ങള്‍ ദുബായ്ക്കാരാണെങ്കില് ബര് ദുബായിലെ പാം ബീച്ച് ഹോട്ടലിന്റെ പിറകിലായി ഒരു ബക്കര്‍ മൊഹീബീ സൂപ്പര്‍ മാര്‍ക്കറ്റുണ്ട്. അവിടെ പോകുക. സ്പോട്ട് കൃത്യമായി അറിയില്ല എങ്കില്‍, ആ ഭാഗത്ത് പോയി ആരോടേങ്കിലും ചോച്ചാല്‍ മതി.
പാക്കിസ്താനികളെ കാണുകയാണെങ്കില്‍ ഇങ്ങിനെ ചോദിക്കുക, ‘പായ് ജാന്‍. യേ ബക്കര്‍ മൊഹീബി കിദര്‍ ഹേ?’
അപ്പോ കൂറ ചുരിദാറിട്ട് നടക്കുന്ന ടീമാണെങ്കില്‍ അവര്‍ പറയും ‘തും ഇതര് സേ സീതാ ജാവോ.. ഫിര്‍ ഓര് കിസീസെ പൂച്ചോ’ എന്ന്. എന്നിട്ട് അവര്‍ വല്ല ആത്മഗതം നടത്തുകയാണെങ്കില്‍, പോട്ടെ, വിട്ടുകള. ഒരിക്കലും അതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ശ്രമിക്കരുത്.
(നമ്മുടെ നാട്ടില്‍ നിലവിലില്ലാത്ത ഒരു ലോക ഹെവി ഡ്യൂട്ടി തെറിയായിരിക്കും അത്. അതാ..)
ബക്കര്‍ മൊഹീബിയുടെ പിന്നാമ്പുറത്ത് ഒഴിഞ്ഞ ഒരു മൂലക്കാണ് ഈ പോര്‍ക്കിറച്ചി കച്ചവടം നടത്തുന്നത്. അവിടെ സ്ഥാപിച്ചിട്ടുള്ള ഫ്രീസറുകളില്‍ കാല് വേണ്ടവര്ക്കത്, തുടവേണ്ടവര്ക്കത്, എന്നിങ്ങനെ ബ്രസീലില്‍ നിന്ന് വരുന്ന പോര്‍ക്കിന്റെ പാര്‍ട്ട്സ് കാണാവുന്നതാണ്. അവിടെ ഒരു മലയാളി ചേട്ടന് ഒരു അറക്കവാളും പിടിച്ച് നില്‍ക്കുന്നതിനടുത്തേക്ക് ചെന്ന്, ‘ചേട്ടാ ചേട്ടാ നെയ് കുറച്ച് ഒന്നര കിലോ’ എന്ന് പറഞ്ഞാല്‍ ആള് തൂക്കം നോക്കി, ഐസ് കട്ട പോലെയുള്ള ക്യൂബ്സ് ആക്കി കട്ട് ചെയ്ത് തരുന്നതായിരിക്കും. വിലയും കുറവ്. ഒരു കിലോക്ക് ദിര്‍ഹംസ്. 10.50 മാത്രം.
ഇനി അടുത്ത പണി, പോര്‍ക്കിറച്ചി കഷ്ണിച്ചത് വാങ്ങി വെള്ളം നിറച്ച് വച്ച പോണിയിലിടുക എന്നതാണ്. അവിടെകിടന്ന് അവന്റെ ഐസൊക്കെ അങ്ങട് പോട്ടെ.
തുടര്‍ന്ന്,
രണ്ടിഞ്ച് നീളമുള്ള, അര ഇഞ്ച് കനമുള്ള ഒരു ഇഞ്ചിപ്പീസ് എടുത്ത് നൈസായി കട്ട് ചെയ്യുക. (അതെങ്ങിനെയാണെന്ന് പറയണം ന്നോ? പോയേരാ അവിടന്ന്!)
ഇനി വെളുത്തുള്ളീ ഒരു ഫുള്‍ കുടം, മൊത്തം കുടുംബടക്കം, കുരു കുരാന്ന് കട്ട് ചെയ്യുക.
എന്നിട്ട് ഒരു അടി ഉയരവും ഒരടി വ്യാസവുമുള്ള ഒരു പാത്രം അടുപ്പേല് വച്ച് ഒരു 3 വല്യ ടീസ്പൂണ്‍ എണ്ണ (ഏത് വേണെലും ഒഴി) ഒഴിച്ച് ചൂടാക്കുക. തീ വല്ലാണ്ട് കൂട്ടി വക്കരുത്. വല്ലാണ്ടായാല്‍ ഇല്ലാണ്ടാവും എന്ന പോളിസി ജീവിതത്തില്‍ മാത്രമല്ല, കുക്കിങ്ങിലും വെരി ഇമ്പോര്‍ട്ടന്റ്.
എണ്ണ ചൂടാവുമ്പോള്‍... അതില്‍ ഇഞ്ചി.. വെളുത്തുള്ളി.. പീസുകളെ ഇട്ട് ഒന്ന് ഫ്രൈ ചെയ്യണം. ഒരു രണ്ടു മിനിറ്റ്! കരിയാന്‍ നിക്കണ്ട.
എന്നിട്ടയിലിക്ക്, സബോള - 4 എണ്ണം. (ജംബോ സൈസാണെങ്കില്‍ 3, കുഞ്ഞാട്ടിയാണെങ്കില് 5-6) നൈസായി തൊലിയും കൂഞ്ഞയും കളഞ്ഞ് കട്ട് ചെയ്തത് ചേര്‍ത്ത് ഇളക്കലോടിളക്കല്‍... ഇളക്കലോടിളക്കല്‍...!
വേണമെങ്കില്‍ കുറച്ച് ഉപ്പയിന്റെ മോളീക്കോടെ ഇട്ടോ. അപ്പോള്‍ ഈ സബോള വേഗം കൊയ കൊയാന്നാവും.
അത് കഴിഞ്ഞ് അതിന്റെ മോളിലേക്ക് 4 വല്യ സ്പൂണ്‍ മല്ലിപ്പൊട്യും 1 വല്യസ്പൂണ് മെളകുപൊട്യും 1 വല്യ സ്പൂണ്‍ കുരുമുളക് പൊട്യും 1/2 കുഞ്ഞ്യ സ്പൂണ്‍ മഞ്ഞപ്പൊട്യും ഇട്ടിട്ട് ഇളക്കലോടിളക്കല്‍... ഇളക്കലോടിളക്കല്‍...! കരിക്കണ്ട!
എന്നിട്ട് അതില്ക്ക്, 2 തക്കാളി കുരുകുരാന്ന് കട്ട് ചെയ്തതും രണ്ടെതള്പ്പ് വേപ്പല്യും പച്ചമെളക് 6 എണ്ണം (ഇതൊക്കെ ഒരു മണത്തിനാ.. ഒരു ഉദ്ദേശം വച്ച് കാച്ചിക്കോ..കുറഞ്ഞാലും കൂട്യാലും വിഷയല്ല്ല) കൂടി ഇട്ടങ്ങട് ഇളക്കലോടിളക്കല്‍... ഇളക്കലോടിളക്കല്‍...!
തക്കാളിയും കൂടി ചെല്ലുമ്മൊ ഒരു മാതിരി ഡീസന്റ് ഗ്രാവി ആയിട്ടുണ്ടാവും. പൊറോട്ട വാങ്ങുമ്മെ കിട്ടണ ചാറ് പോലെ. അപ്പോ സ്റ്റൌ നിര്‍ത്തിക്കോ.
എന്നിട്ട് പ്രഷര്‍ കുക്കറിണ്ടങ്ങെ അതില്ക്ക് ലേശം എണ്ണ ഒഴിച്ച്, എര്‍ച്ചി ഒന്ന് കഴുകി എടുത്ത്, അയിലക്കങ്ങട് ഇടുക. ഇച്ചിരി വെള്ളവും ഒഴിച്ചേക്ക്. ഒരു അര ഗ്രാസ്. എന്നിട്ട് ഈ ഗ്രേവി മോളിലേക്ക് ഇട്ട്. നല്ലോണം ഇളക്കി, അടച്ച് വച്ച്. ഒറ്റ വിസില്‍ അങ്ങട് അടിപ്പിക്ക്യ.
വിസലടിച്ച അപ്പന്നെ സ്റ്റൌ ഓഫെയ്തോ. (പിന്നെ നിങ്ങള്‍ക്ക് നിര്ബന്ധമാണേല് കൂടുതല്‍ വിസലടിപ്പിക്കാം. പക്ഷെ, പോര്‍ക്ക് കറി മത്തങ്ങ എരിശേരി പോല്യാവും ന്നെ ഉള്ളൂ.) എയര്‍ പോയിക്കഴിയുമ്മോ അതില്ക്ക് ഒരു ടീസ്പൂണ്‍ ഗരം മസാല പ്പോടി ഇടുക. ഒരു ടീസ്പൂണ്‍ പെരിഞ്ജീരകോം ഇടുക. എന്നിട്ട് വെന്തോന്ന് നോക്കുക. വെന്തില്ലെങ്ങെ കുറച്ചേരം വേറെ ഒരു മൂടി യോണ്ട് ഒന്ന് അടച്ചു വച്ച് തീ കൊട്. ഇടക്കിടെ ഇളക്കിക്കോണം. അല്ലെങ്ങെ അടീപ്പിടിക്കും.
ഇത്രേള്ളൊ പരിപാടി. അതീവ രുചികരമായ പോര്‍ക്ക് കുറുമാനിയ റെഡി.
സോറി, ഉപ്പിട്ടില്ല്യാട്ടാ. പ്രഷര്‍ കുക്കറില്‍ ആദ്യം ഇറച്ചി നിക്ഷേപിക്കുമ്പോള്‍ കൂട്ടത്തില്‍ ഇട്ടേക്കുക. ഒരു ടീസ്പൂണ്‍ ഇട്ടേക്ക്. പിന്നേ വേണമെങ്കില്‍ ഇടാം.
പോര്ക്കിന് പകരം എന്ത് വേണേലും ഇടാം. ഉറുളക്കിഴങ്ങു വരെ. അപ്പോള്‍ പ്രഷര്‍ കുക്കറിലിട്ട് വിസിലടിപ്പിക്കാന്‍ നില്ക്കാതിരുന്നാ മതി. നിര്ബന്ധമാണേല് അടിപ്പിക്കാം. പക്ഷെ...
വാല്‍ക്കഷണം.
ഇതെനിക്ക് പറഞ്ഞുതന്നത് നമ്മുടെ കുറുമാനാണ്. അതുകൊണ്ടാണിങ്ങനെ പേരിട്ടത്. ഒരു കുക്കാവുക എന്നത് എന്റെ ഒരു അന്ത്യാഭിലാഷമായിരുന്നു.
Thursday, July 26, 2007
Subscribe to:
Posts (Atom)